പ്രൊഫ. യു. മുഹമ്മദ് സ്മരണിക പ്രകാശനം ചെയ്തു റൗളത്തുൽ ഉലൂം അസോസിയേഷൻ (ആർ.യു.എ.) പ്രസിദ്ധീകരിച്ച 'കാമ്പസിൻറെ സ്വന്തം യുഎം' എന്ന പ്രൊഫ. യു മുഹമ്മദ് സ്മരണിക മുൻ വിദ്യഭ്യാസ മന്ത്രി ശ്രീ ഇ ടി മുഹമ്മദ് ബഷീർ എം പി പ്രകാശനം ചെയ്തു. കേരളത്തിലെ ന്യൂനപക്ഷ സമൂഹത്തിന്റെ പുരോഗമന വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ ഫാറൂഖ് കോളേജ് മുൻ പ്രിൻസിപ്പാളും വിദ്യാഭ്യാസ വിചക്ഷണനുമായിരുന്ന പ്രൊഫ. യു. മുഹമ്മദ് സാഹിബിന്റെ സംഭാവനകൾ നിസ്തുലവും അവിസ്മരണീയവുമാണെന്ന് ഇ.ടി.മുഹമ്മദ് ബഷീർ എം പി. സ്മരണിക പ്രകാശനം ചെയ്തു കൊണ്ട് പറഞ്ഞു. 1986 ലെ ദേശീയ വിദ്യാഭ്യാസ നയം, 2006 ലെ നരേന്ദ്രൻ കമ്മീഷൻ തുടങ്ങിയവയിൽ പ്രൊഫ. യു. മുഹമ്മദിന്റെ ബൗദ്ധിക ഇടപെടലുകൾ ന്യൂനപക്ഷ സമുദായത്തിനും അക്കാലങ്ങളിലെ സർക്കാറുകളുടെ തദ്വിഷയസംബന്ധമായ നിലപാടു സ്വീകാര്യതയ്ക്കും ഏറെ പ്രയോജനകരമായിരുന്നു എന്ന് കേരളത്തിലെ ഇ.ടി അഭിപ്രായപ്പെട്ടു. 2019 നവംബർ 13 നു ഫാറൂഖ് കോളേജ് ഓഡിയോ വിഷ്വൽ തിയേറ്ററിൽ നടന്ന പ്രകാശന ചടങ്ങിൽ ആർ.യു.എ. വൈസ് പ്രസിഡന്റും ഫാറൂഖ്കോളേജ് മാനേജിങ് മാനേജിങ് കമ്മിറ്റി പ്രസിഡന്റുമായ പി.കെ അഹമ്മദ് സ്മരണിക ഏറ്റുവാങ്ങി. ആർ.യു.എ. പ്രസിഡന്റും ഫാറൂഖ്കോളേജ് മാനേജിങ് മാനേജിങ് കമ്മിറ്റി സെക്രട്ടറിയുമായ കെ.വി. കുഞ്ഞമ്മദ് കോയ ചടങ്ങിൽ അധ്യക്ഷനായിരുന്നു. പ്രൊഫ. യു. മുഹമ്മദിന്റെ ജീവിത രേഖ സമർപ്പണം അഡ്വ. എം. മുഹമ്മദും സ്മരണിക പരിചയപ്പെടുത്തൽ ചീഫ് എഡിറ്റർ പ്രൊഫ. കെ. യാസീൻ അഷ്റഫും നിർവ്വഹിച്ചു. എ.പി.കുഞ്ഞാമു, കെ.കുഞ്ഞലവി, പ്രൊഫ. ഇ പി.ഇമ്പിച്ചിക്കോയ, പ്രൊഫ. ടി. സൈദ്, ഡോ.കെ.ടി സുബൈർ സംബന്ധിച്ചു. പ്രൊഫ. എ കുട്ട്യാലിക്കുട്ടി സ്വാഗതവും എം. അയ്യൂബ് നന്ദിയും പറഞ്ഞു.
|
Latest News >